ഹോട്ടല്‍ ജനറല്‍ മാനേജറില്‍ നിന്നും എക്സിക്യൂട്ടീവ് വേഷത്തിലെ മീന്‍വില്‍പ്പന വരെ ; കോവിഡ് ഇഫക്റ്റ്

കൊച്ചി : ജനം പാന്റ്സും ഇന്‍ ചെയ്ത ഷര്‍ട്ടുമിട്ട് എക്സിക്യൂട്ടീവ് വേഷത്തില്‍ പെട്ടി ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങി മീന്‍ വില്‍ക്കുന്ന യുവാക്കളെ കണ്ട് അമ്പരന്നു. ഇന്നലെ കതൃക്കടവ് – കലൂര്‍ സ്റ്റേഡിയം റോഡിന് അരികില്‍ ആയിരുന്നു ഈ കാഴ്ച്ച. അവര്‍ തന്നെയാണ് ആവശ്യക്കാരെ വിളിക്കുന്നതും അയലയും ചാളയും തൂക്കി വില്‍ക്കുന്നതും എല്ലാം. പത്തനംതിട്ട കോന്നി തണ്ണിത്തോട് സ്വദേശി അരുണ്‍ സാജനും അടൂര്‍ മണ്ണടി സ്വദേശി എം.ശ്രീകാന്തുമാണ് ഈ മീന്‍വില്‍പ്പനക്കാര്‍.

അരുണ്‍ കഴിഞ്ഞ മാസം ആദ്യം വരെ ഒരു പ്രമുഖ ഹോട്ടലില്‍ ജനറല്‍ മാനേജര്‍ (സെയില്‍സ്) ആയിരുന്നു. മറ്റൊരു പ്രമുഖ ഹോട്ടലില്‍ ശ്രീകാന്ത് എക്സിക്യൂട്ടീവ് ഹൗസ് കീപ്പര്‍ ആയിരുന്നു. ഇവരുടെ ജോലി കോവിഡ് പ്രതിസന്ധി ഇല്ലാതാക്കി. ഇവര്‍ ടൂറിസം – ഹോസ്പിറ്റാലിറ്റി മേഖലയില്‍ കാല്‍ ലക്ഷത്തോളം പേര്‍ക്കെങ്കിലും കേരളത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു. ഇരുവരും തമ്മില്‍ തൊഴില്‍ മേഖലയിലെ പരിചയമാണ്. അങ്ങനെ കൊച്ചിയില്‍ ഇവര്‍ ഒന്നിച്ചു. 6 മാസത്തേക്ക് കേരള ടൂറിസം എംപ്ലോയീസ് യൂണിയന്‍ പലിശരഹിത വായ്പ നല്‍കി. അത് ഉപയോഗിച്ച് പെട്ടി ഓട്ടോറിക്ഷ വാടകയ്ക്ക് എടുത്തു.

ദിവസം 350 രൂപ വാടക. അത്രയും തന്നെ തുകയ്ക്ക് ഡീസലും അടിക്കണം. ദിവസവും ഒരേ സ്ഥലത്തല്ല വില്‍പ്പന. അതതു സ്ഥലത്ത് പതിവായി മീന്‍ വില്‍ക്കുന്നവരെ ബുദ്ധിമുട്ടിക്കാന്‍ ഇവര്‍ക്ക് താത്പര്യം ഇല്ല. അതിരാവിലെ മൊത്തക്കച്ചവടക്കാരില്‍ നിന്ന് മീന്‍ വാങ്ങും. 11 മണിക്കുള്ളില്‍ വില്‍പ്പന കഴിയും. ശ്രീകാന്ത് ഇനി സ്വന്തം നാട്ടില്‍ പോയി ഈ ജോലി ചെയ്യാനാണ് പരിപാടിയെന്ന് പറഞ്ഞു.

Share your thoughts