13.5 ലക്ഷം വെള്ളത്തില്‍ ; മത്സ്യതൊഴിലാളികള്‍ക്ക് സഹായം എന്ന പേരില്‍ നടക്കുന്നത് അഴിമതി?

പാറശാല : ആവശ്യമായ പഠനം നടത്താതെ ലക്ഷങ്ങള്‍ ചിലവിട്ടു നിര്‍മ്മിച്ച കെട്ടിടങ്ങള്‍ കടല്‍ എടുത്തു. മത്സ്യതൊഴിലാളികള്‍ക്കായി ഒന്നര വര്‍ഷം മുമ്പ് ബ്ലോക്ക് പഞ്ചായത്ത് പൊഴിയൂര്‍ തെക്കേകൊല്ലങ്കോട് കോളനിക്ക് അടുത്ത് 13.5 ലക്ഷം രൂപ ചിലവില്‍ പൂര്‍ത്തിയാക്കിയ വല പിരിക്കല്‍ കേന്ദ്രത്തിന്റെ പകുതിയോളം ഭാഗം കടലില്‍ ആയിട്ട് ദിവസങ്ങളായി. തിരയടി ശക്തമായ പ്രദേശത്ത് വ്യക്തമായ പഠനം ഇല്ലാതെയാണ് കെട്ടിടം നിര്‍മ്മിച്ചതെന്ന് ആക്ഷേപമുണ്ട്. കോടികള്‍ മുടക്കി പൊഴിയൂര്‍, പരുത്തിയൂര്‍ മേഖലയില്‍ മാത്രം തദ്ദേശസ്ഥാപനങ്ങള്‍, ഫിഷറീസ് വകുപ്പ്, ഹാര്‍ബര്‍ എന്‍ജിനിയറിങ്ങ് വിഭാഗം എന്നിവര്‍ കടലിനോട് ചേര്‍ന്ന് ഒട്ടേറെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

മത്സ്യതൊഴിലാളികള്‍ ഭൂരിഭാഗം കെട്ടിടങ്ങളും ആവശ്യം ഇല്ലാത്തവയാണെന്ന് പറഞ്ഞു. കുളത്തൂര്‍ പഞ്ചായത്ത് ഇത്തരം പല കെട്ടിടങ്ങളും അനാഥമായി കിടക്കുമ്പോള്‍ അടുത്തിടെ ലക്ഷങ്ങള്‍ മുടക്കി തെക്കേകൊല്ലങ്കോട്ടില്‍ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിനായി നിര്‍മ്മിച്ച കെട്ടിടം അടച്ചിട്ട നിലയിലാണ്. ഹാര്‍ബര്‍ എന്‍ജിനിയറിങ്ങ് വിഭാഗം 7 വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊഴിക്കരയില്‍ 90 ലക്ഷം രൂപ മുടക്കി 1000 ചതുരശ്രയടി ഷെഡ്, ഹൈമാസ്റ്റ് ലൈറ്റ്, വില്‍പ്പനക്കു ശേഷം ബാക്കിയുള്ള മത്സ്യം സൂക്ഷിക്കാനുള്ള ഫ്രീസര്‍ മുറി എന്നിവ അടക്കം ഫിഷ് ലാന്‍ഡിങ്ങ് സെന്റര്‍ നിര്‍മിച്ചിരുന്നു.

ഫ്രീസര്‍ മുറി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ ഉപയോഗിച്ചിട്ടില്ല. അടുത്തിടെ നാട്ടുകാര്‍ വീണ്ടും തെക്കേകൊല്ലങ്കോട്ട് ഫിഷ് ലാന്‍ഡിങ്ങ് സെന്റര്‍ നിര്‍മ്മിക്കാന്‍ ജനപ്രതിനിധികള്‍ നടത്തിയ ശ്രമം തടഞ്ഞിരുന്നു. മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് എന്ന വ്യാജേന വിവിധ വകുപ്പുകള്‍ നടത്തുന്ന നിര്‍മ്മാണങ്ങളില്‍ അധികവും അഴിമതിയുടെ നേര്‍ക്കാഴ്ച്ച ആണെന്നാണ് ആക്ഷേപം. നിര്‍മ്മാണത്തിന് അനുമതി നല്‍കിയ ബ്ലോക്ക് പഞ്ചായത്തിലെ മരാമത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നാണ് തദ്ദേശവാസികളുടെ ആവശ്യം.

Cover Image: ManoramaOnline

Share your thoughts