സുപ്രീം കോടതി വിധിയിൽ കുടുങ്ങി വീണ്ടും ടോറസ് പദ്ധതി

തിരുവനന്തപുരം : ടെക്നോപാർക്ക് മൂന്നാംഘട്ട വികസനത്തിന്റെ ഭാഗമായ ടോറസ് പദ്ധതിക്ക് കൂച്ചുവിലങ്ങിട്ട് സുപ്രീം കോടതി വിധി. നിർമ്മാണപ്രവർത്തനം നടത്താൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി സ്റ്റേ പുറപ്പെടുവിച്ചത്. സ്റ്റേ നീക്കണമെന്ന ആവശ്യം കോടതി തള്ളിയതോടെയാണ് പദ്ധതി അനിശ്ചിതത്വത്തിലായത്.

തണ്ണീർത്തടങ്ങൾ നികത്തിയാണ് നിർമ്മാണപ്രവൃത്തികൾ നടക്കുന്നതെന്നും അവ നശിച്ചുപോകുമെന്നും, നിർമ്മാണപ്രവർത്തനങ്ങൾ നിർത്തിവെയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി കോടതി മുൻപാകെ എത്തിയത്. കേസിൽ വാദം കേട്ട കോടതി നിലവിൽ എല്ലാ നിർമ്മാണപ്രവർത്തനങ്ങളും നിർത്തിവെയ്ക്കാനുള്ള സ്റ്റേ ജൂണിൽ പുറപ്പെടുവിച്ചു. സ്റ്റേ മാറ്റി നൽകണമെന്നും കെട്ടിടനിർമാണം പൂർണമായും സ്തംഭിച്ചിരിക്കുകയാണെന്നും നിർമ്മാണപ്രവർത്തനങ്ങൾ ചെയ്യുന്ന ഡ്രാഗൺ സ്റ്റോൺ, വിന്റർഫെൽ എന്നീ കമ്പനികൾ ആവശ്യപ്പെട്ടത്. എന്നാൽ ആവശ്യം കോടതി തള്ളിയതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ സ്തംഭിച്ചതു.

പരിസ്ഥിതി പ്രവർത്തകനായ തോമസ് ലോറൻസ് ആണ് നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.19.75 ഏക്കർ നികത്താൻ സംസ്ഥാന സർക്കാരിന്റെ അനുമതിയോടെയായിരുന്നു നിർമ്മാണപ്രവർത്തങ്ങൾ തുടങ്ങിയത്. പാരിസ്ഥിതിക അനുമതിയുമായി ബന്ധപ്പെട്ടു ഇതിനെതിരെ നൽകിയ പരാതിയിൽ ദേശിയ ഹരിതട്രൈബുണലിന്റെ വിധി സർക്കാരിന് അനുകൂലമായിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Share your thoughts